കേരളത്തിലെ തന്നെ വളരെ ചുരുക്കം ഏക ദേവപ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് സംഗമഗ്രാമം എന്ന് അറിയപ്പെട്ടിരുന്ന ഇരിഞ്ഞാലക്കുടയിലുള്ള കൂടൽമാണിക്യം ക്ഷേത്രം.
![]() |
| കൂടൽമാണിക്ക്യത്തപ്പൻ |
കുറച്ച് ദിവസം മുന്പ് ഞാൻ കൊച്ചി രാജകുടുംബത്തിന്റെ പ്രധാന ക്ഷേത്രങ്ങളെ കുറിച്ച് എഴുതിയിരുന്നു. അപ്പോഴാണ് പെരുമ്പടപ്പ് സ്വരൂപം എന്ന കൊച്ചി രാജകുടുംബവും ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രവും തമ്മിൽ ഉള്ള ബന്ധം എന്തായിരുന്നു എന്ന് എഴുതാൻ സംഗമേശ്വരൻ തോന്നിപ്പിച്ചത്.
കേരളത്തിൽ ഉണ്ടായിരുന്ന "ക്ഷേത്ര രാജ്യം" എന്ന് പറയപ്പെടുന്ന "സങ്കേതം" ആയിരുന്നു കൂടൽമാണിക്യം ക്ഷേത്രം. ശൈവനും വൈഷ്ണവനും ഒരേസമയം ആശ്രയിക്കാവുന്ന ഒരു തേവരായിട്ടാണ് സംഗമേശ്വരൻ പരിഗണിക്കപ്പെടുന്നത്.
അതുപോലെ കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള നാല് ഗ്രാമങ്ങളിൽ ഒന്നായിരുന്ന ഇരിഞ്ഞാലക്കുട ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രം ആയിരുന്നു. മറ്റ് മൂന്ന് ഗ്രാമങ്ങൾ പന്നിയൂർ, ച്ചൊവ്വയൂർ (ശുകപുരം), പെരുവനം. കേരളഗ്രാമങ്ങളിൽ ഏറ്റവും കൂടുതൽ യജുർവേദികൾ ഇരിഞ്ഞാലക്കുടയിലാണ്.
ഊരായ്മക്കാരും, നമ്പൂതിരിമാരായ യോഗക്കാരും തമ്മിൽ കലശലായ കലഹങ്ങൾ ഈ ക്ഷേത്രത്തിൽ നടന്നിട്ടുണ്ട്. അതുകാരണം, പല നാശങ്ങളും ഈ ക്ഷേത്രത്തിൽ സംഭവിച്ചിട്ടുണ്ട്.
ക്ഷേത്ര ഉത്ഭവചരിത്രത്തിലേക്ക് കടക്കുന്നില്ല.
പെരുമ്പടപ്പ് സ്വരൂപവും ഇരിഞ്ഞാലക്കുട ക്ഷേത്രവും
1880കളിൽ ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ തച്ചുടയക്കൈമളിനെ അവരോധിക്കാനുള്ള അധികാരം നഷ്ടപ്പെട്ട കൊച്ചി രാജാവിന് ശിക്ഷ ആയി പരദേവത ക്ഷേത്രങ്ങളിൽ പോയി ദർശനം നിഷേധിക്കപ്പെട്ടു. അത് മൂലമാണ് തൃപ്പൂണിത്തുറയിലുള്ള പുത്തൻ ബംഗ്ലാവ് ക്ഷേത്രം നിർമ്മിച്ചതെന്നും മുന്പ് എഴുതിയിട്ടുള്ളതാണല്ലൊ.
എന്നാൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉണ്ടായിരുന്ന/ഉള്ള മറ്റ് അധികാരങ്ങളെ കുറിച്ച് അധികം ആരും പറഞ്ഞ് കേൾക്കുന്നില്ല, കേട്ടിട്ടുമില്ല. ആ അധികാരങ്ങൾ അന്ന് നഷ്ടപ്പെട്ടിരുന്നില്ല. അത് ഇപ്പോൾ കൊച്ചി രാജകുടുംബത്തിൽ ഉള്ളവർക്കും നിശ്ചയമില്ല. അതാണ് ഇവിടെ വിവരിക്കുന്നത്.
ഈ ക്ഷേത്രം ഗ്രാമ ക്ഷേത്രം ആയതുകൊണ്ട് "ദേവന്റെ ഊരാളർ' ആയ എല്ലാ സ്ഥാനങ്ങളും ഉണ്ടായിരുന്നു -
- ക്ഷേത്രസ്ഥാപനഘട്ടം മുതൽ സർവ്വാധികാരസ്ഥന്മാരായിരുന്ന ക്ഷേത്രം ഉടമസ്ഥരായ ഊരാഴ്മക്കാർ(See Showcase record No:89 leaf No : 2 Script: Malayalam Language: Malayalam M.E : 517 C.E : 1342 Repository : Central archives, Thiruvananthapuram),
- കാരായ്മക്കാരുടെ നിർവ്വഹണ സമിതി,
- ആറുനാട്ടിൽ പ്രഭുക്കന്മാർ (താഴെ നോക്കുക)
- സഭായോഗം
- കൊയ്മ:
- അകക്കോയ്‌മ,
- പുറക്കോയ്മ,
- മേൽക്കോയ്‌മ
- രാജക്കോയ്മ
ഊരായ്മക്കാർ - പത്തില്ലക്കാർ (not in any order)
- കുട്ടനല്ലൂർ മൂത്തേടത്ത് (കൊരമ്പ് മന),
- കാരുമുക്ക് (മതുക്കാരുമുക്ക് മന ),
- പനയംതുള്ളി(ചിറക്കൽ പനയംതുള്ളി മന),
- വെമ്പട്ടി(എടതിരിഞ്ഞിമന, എക്കാട്മന),
- വാരണംകോട് (ചാലൂർ മന),
- കോക്കാട് (കിഴക്കിനിയേടത്ത് മന),
- മാടക്കാൽ (മുരിങ്ങോത്ത് മന ),
- മനവല്ലൂര് (മേനായം ഇല്ലം),
- എനമല്ലൂര് മന,
- വടക്കിനിയേടത്ത് മന
ഇതിൽ ഒന്നായിരുന്ന "വടക്കിനിയേടത്ത്" ഇല്ലക്കാർ അന്യം നിന്നപ്പോൾ അവരുടെ ഊരാഴ്മ അവകാശം പെരുമ്പടപ്പ് സ്വരൂപത്തിലേക്ക് വന്നുചേർന്നു. അതോടെ തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലേത് പോലെ തന്നെ ഇരിഞ്ഞലക്കുടയിലും ഊരാഴ്മ സ്ഥാനം കൊച്ചി രാജകുടുംബത്തിന് ഉണ്ട്.
യോഗക്കാര്
യോഗക്കാര് നമ്പൂതിരിമാര് പാരമ്പര്യ വേദാഭ്യാസവും യജ്ഞങ്ങളും നടത്തുകയായിരുന്നു, വേറെ പ്രത്യേകിച്ച് അധികാരം ഇല്ലായിരുന്നു. യോഗക്കാരും ഊരാഴ്മക്കാരും വേറെ ആയിരുന്നു.
കൊയ്മ
ഇതിൽ രാജക്കൊയ്മ സ്ഥാനവും പുറക്കൊയ്മ സ്ഥാനവും പണ്ടുമുതൽക്കേ പെരുമ്പടപ്പ് മൂപ്പിലിനായിരുന്നു, എന്നുവച്ചാൽ കൊച്ചി രാജാവിനായിരുന്നു.
അകക്കൊയ്മ സ്ഥാനം അയിരൂർ രാജാവിനും ഒപ്പം വെള്ളാറ്റുങ്കര രാജാവിനും ആയിരുന്നു.
തിരുത്തിക്കോട്ട മേനോനും, കൊളോണ്ണിൽ മുത്തതും, തോട്ടുങ്ങൽ നായരും ദേവസ്വം ഉദ്യോഗസ്ഥരും കൂടി ആണ് പെരുമ്പടപ്പ് മൂപ്പിലിന് വിധേയരായി ക്ഷേത്രഭരണം നടത്തികൊണ്ടിരുന്നത്. നന്തിക്കര കുടുംബത്തിനും ചില അവകാശങ്ങൾ കാണുന്നുണ്ട്.
ആറുനാട്ടിൽ പ്രഭുക്കന്മാർ
- കോടശ്ശേരി കർത്താവ്
- ചങ്കരങ്കോത കർത്താവ്
- ചങ്കരണ്ട കർത്താവ്
- കന്നത്തേടി കർത്താവ്
- മുരിയനാട്ടു നമ്പ്യാര്
- വേളൂസ്സ് നമ്പ്യാര്
അവകാശങ്ങൾ പെരുമ്പടപ്പിന്
മതിലകം (കൊടുങ്ങല്ലൂര്‍ അടുത്തുള്ള ക്ഷേത്രം) യോഗക്കാരെ പിൻതാങ്ങിയ അയിരൂർ രാജാവിന്റെ മേൽക്കോയ്മ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് ആ സ്ഥാനം യോഗക്കാര് പെരുമ്പടപ്പ് മൂപ്പിലിന് നൽകി.
അയിരൂർ രാജാവിന്റെ വരുതിയിൽപ്പെട്ട കുന്നമ്പിള്ളി നമ്പൂതിരിക്ക് ക്ഷേത്രത്തിൽ “എണ്ണയും അരിയും" കൊടുക്കുവാനുണ്ടായിരുന്ന അവകാശം "കോവൂർ നമ്പൂതിരിക്ക്" കൈമാറിക്കൊടുത്തു. കാലാന്തരത്തിൽ വെള്ളാറ്റുങ്കര രാജാവിന്റെ അകക്കോയ്മസ്ഥാനവും പെരുമ്പടപ്പിന് പ്രാപിച്ചു.
വേളുസ്സ് നമ്പ്യാരുടേയും മുരിയാടസ്സ് നമ്പ്യാരുടേയും അധികാരങ്ങൾ കൊച്ചി രാജാവിന് എത്തി ചേർന്നു.
യോഗക്കാർക്കുള്ള "അമ്പലപ്പടിസ്ഥാന''വും ക്ഷേത്രത്തിലെ വേദപാഠങ്ങളെ പുഷ്ടിപ്പെടുത്തി ക്ഷേത്രത്തിൽ നിന്നു ചില ചില അനുഭവങ്ങൾ പറ്റുവാനുള്ള അവകാശം-അറസ്ഥാനവും-ഖജാൻജിയുടെ അധികാരം-പരോധാനിസ്ഥാനവും-സഭായോഗങ്ങളിൽ പരവധാനി വിരിച്ച് അതിൽ ഇരിയ്ക്കാനുള്ള അവകാശം-മറ്റും പിൽക്കാലങ്ങളിൽ വളർന്നുണ്ടായിട്ടുള്ള സ്ഥാനമാനങ്ങളാണ്. അതിലൊക്കെയും പെരുമ്പടപ്പിന് മുമ്പും കയ്യും ഉണ്ടായിരുന്നു താനും.
ഉത്സവം കൊടികയറ്റത്തിന് വലിയ തമ്പുരാൻ
ഒരു പുത്തൻ കൂടൽമാണിക്കയത്തപ്പന്
കൊച്ചി മഹാരാജാവ് എല്ലാ ദിവസവും തേവാരത്തിനും നിത്യനിദാനത്തിനും ശേഷം കൂടൽമാണിക്ക്യത്തപ്പന് ഒരു പുത്തൻ (കൊച്ചിയിലെ currency) നീക്കി വച്ചിരുന്നു.
യോഗാതിരിപ്പാടും തച്ച്യുടയ്കൈമളും തമ്മിലുള്ള വ്യത്യാസം
ഈ വ്യത്യാസം ചുരുക്കത്തിൽ പറയാം - കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ സങ്കേതഭരണം നടന്നിരുന്നപ്പോൾ അവിടുത്തെ യോഗക്കാർ ഭരണാധികാരി ആയി ഒരാളെ നിയോഗിച്ചിരുന്നു - അതാണ് യോഗാതിരി അല്ലെങ്കിൽ യോഗാതിരിപ്പാട്. അത് ഒരു ആജീവനാന്തസ്ഥാനം ആയിരുന്നു. വലിയ അധികാരങ്ങൾ ഉണ്ടായിരുന്നു.
ഇരിഞ്ഞാലക്കുടയിലെ തച്ചുടയക്കൈമൾക്ക് എന്നാൽ യോഗാതിരിപ്പാട് പോലെ ഉള്ള അധികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ക്ഷേത്ര ശ്രീകോവിലൊ അതു പോലുള്ള ക്ഷേത്ര സങ്കേതങ്ങളുടെ മരാമത്തുപണികളുടെ മേൽനോട്ടവും നടത്തിപ്പും ആണ് കൈമൾക്കുണ്ടായിരുന്ന അധികാരം. യോഗക്കാരല്ല കൈമളെ നിയോഗിച്ചിരുന്നത് - അത് ഓണാട്ടുകര (കായങ്കുളം) രാജാവായിരുന്നു നടത്തിയിരുന്നത്. കായംക്കുളം മാർത്താണ്ഡവർമ്മ പിടിച്ചടക്കിയതിന് ശേഷം തിരുവിതാംക്കൂർ രാജാവും.
തച്ചുടയക്കൈമൾമാർ
ചരിത്ര രേഖകൾപ്രകാരം ആറ് - ഏഴ് തച്ചുടയക്കൈമൾമാരെ മാത്രമാണ് കഴിഞ്ഞ 700 വർഷങ്ങളിൽ അവരോധിച്ചിട്ടുള്ളത്, അതും ശ്രീകോവിലിനൊ മറ്റേതെങ്കിലും ക്ഷേത്രസങ്കേതങ്ങളുടെയോ മരാമത്ത് നടക്കുംമ്പോൾ മാത്രം.
അതുപോലെ തിരുവിതാംകൂർ രാജാവിന് അങ്ങിനെ വെറുതെ ഒരു തച്ചുടയക്കൈമളിനെ അവരോധിക്കാൻ പറ്റില്ല - യോഗക്കാരുടെ അപേക്ഷ അനുസരിച്ച് കൊച്ചിമഹാരാജാവിന്റെ അനുമതി വാങ്ങി തീട്ടൂരവുംകൊണ്ട് യോഗപ്രധിനിധികൾ തിരുവനന്തപുരത്ത് ചെന്ന് രാജാവിനോട് ആവശ്യപ്പെട്ടാലല്ലാതെ, ഒരു കയ്മളെ അയക്കുന്നതിനു തിരുവിതാംക്കൂറ് രാജാവിന് അധികാരമില്ലായിരുന്നു.
കയ്മളായിക്കഴിഞ്ഞാലത്തെ കഥ എന്തുതന്നെ ആയാലും, കയ്മളാക്കുന്നതിനുള്ള ആവശ്യവും അഭ്യർത്ഥനയും കൊച്ചിരാജാവിൽനിന്നും യോഗക്കാരിൽനിന്നും തന്നെ വേണം..
കൊച്ചി രാജകുടുംബത്തിന് ഉണ്ടായിരുന്നു അവകാശങ്ങൾ
References:
- ശക്തൻ തമ്പുരാൻ - പുത്തേഴത്ത് രാമൻ മേനോൻ
- കേരളം പത്തൊമ്പതാം നൂറ്റാണ്ടിൽ - ഭാസ്കരനുണ്ണി
- തൃശ്ശൂർ സ്ഥലനാമചരിത്രം - V V K Valath
- കൂടൽമാണിക്ക്യം ക്ഷേത്രം - പുരാവൃത്തം - ചരിത്രം - K K N Kurup
